
ലോക ചെസ് ലോക ചെസ് ചാമ്പ്യൻഷിപ്പി രണ്ടാം ഗെയിമും സമനിലയിൽ. ഇന്ത്യൻ താരം ഡി. ഗുകേഷ് ഇന്ന് വെള്ളക്കരുക്കളുമായാണ് കളിക്കാനിറങ്ങിയത്. ലണ്ടൻ സിസ്റ്റത്തിൽ ആരംഭിച്ച മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ താരം ജാവോഖിർ സിന്ദാരോവിനെ ഇന്നും ഗുകേഷ് സമനിലയിൽ തളച്ചു. രണ്ടുപേരും ഒരു കാലാളിനെ പോലും വെട്ടാതെയാണ് കളി അവസാനിച്ചത്. 20 നീക്കങ്ങൾ നീണ്ട മത്സരത്തിനൊടുവിൽ ഒരേ സ്ഥാനം മൂന്നു തവണ ആവർത്തിച്ചതോടെ ഇരുവരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.
14 ഗെയിമുകൾ ഉൾപ്പെടുന്ന ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ ഇരുവരും സമനിലയിൽ പിരിഞ്ഞിരുന്നു. നിലവിലെ ലോക ചാമ്പ്യനായ ഗുകേഷിന് വെള്ളക്കരുക്കളുമായി ആദ്യമായി കളിക്കാനുള്ള അവസരമാണ് ഇന്നത്തെ രണ്ടാം ഗെയിമിൽ ലഭിച്ചത്.
ആദ്യ മത്സരത്തിൽ കറുത്ത കരുക്കളുമായി കളിച്ച ഗുകേഷ്, സിന്ദാരോവിന്റെ റൂയി ലോപ്പസ് നീക്കത്തിനെതിരെ ബെർലിൻ ഡിഫൻസാണ് തിരഞ്ഞെടുത്തത്. മത്സരത്തിന്റെ മധ്യഘട്ടത്തിൽ സിന്ദാരോവിന് നേരിയ മുൻതൂക്കം ലഭിച്ചിരുന്നു. പൗൺ സാക്രിഫൈസ് നീക്കത്തിലൂടെ ഇന്ത്യൻ താരത്തെ സമ്മർദത്തിലാക്കാനും ഉസ്ബെക്ക് താരം ശ്രമിച്ചു. സമയപരിമിതി നേരിട്ടെങ്കിലും പ്രതിസന്ധികളെ അതിജീവിച്ച് ഗുകേഷ് നിലയുറപ്പിച്ചു.
ഒടുവിൽ ഒരേ സ്ഥാനം അഞ്ച് തവണ ആവർത്തിച്ചതോടെ ഇരുവരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ലോക ചെസ് ചാമ്പ്യൻഷിപ്പിലെ മൂന്നാം ഗെയിം നാളെ ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിക്കും. വെള്ള കരുക്കളുമായി ജാവോഖിർ സിന്ദാരോവും കറുത്ത കരുക്കളുമായി ഗുകേഷും മൂന്നാം ഗെയിമിൽ ഏറ്റുമുട്ടും.










